Sunday, 12 May 2013

മരണം പിന്നെ ജനനം പിന്നെ മരണം




യമദേവന്‍ പറഞ്ഞു ;
നൂറ്റാണ്ട് വാഴുന്ന പുത്രപൌത്രാദികള്‍, പശുക്കള്‍, ആനകള്‍, കുതിരകള്‍, പൊന്ന്, പരിചരിക്കാന്‍ സ്ത്രീകള്‍ , തേരുകള്‍  ഈ ഭൂമിയിലെ പരന്നുക്കിടക്കുന്ന രാജ്യത്തെയും വാങ്ങിച്ചുകൊള്‍ക,നീ എത്ര കൊല്ലങ്ങള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവോ അത്രയും കൊല്ലങ്ങള്‍ നിനക്ക് ജീവിക്കാം.പക്ഷെ നചികേതസ്സേ മരണത്തെക്കുറിച്ചു മാത്രം ചോദിക്കരുത്.
നചികേതസ്സ് മുതല്‍ രമണമഹര്‍ഷി വരെ ആ സത്യത്തെ അന്വേഷിച്ചു അറിയപ്പെട്ടവരായിരുന്നു. നചികേതസ്സ് മരണ ദേവനുമായി സംവാദം നടത്തിയെങ്കില്‍ രമണമഹഋഷി മരണത്തിനെ ഓരോ അണുവിലും ഉള്‍ക്കൊണ്ട്‌ അതിനെ അനുഭവിച്ചു ജയിച്ചവനായിരുന്നു .മരണം എന്ന അവസ്ഥയെപ്പറ്റി സിദ്ധാര്‍ഥന്‍ ചിന്തിച്ചിരുന്നില്ലായെങ്കില്‍ ബുദ്ധനായിത്തീരുമായിരുന്നില്ല. ലോകത്തില്‍ ഇത്രയും മതങ്ങളും(അഭിപ്രായങ്ങളും),ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.ആ മരണത്തിനു ജനനം തന്നെയുണ്ടാകുമായിരുന്നില്ല. ദക്ഷസംഹിതയ്ക്കും  , മനുസ്മൃതിയ്ക്കും  മരണത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. .ചണ്ടാലനായാലും, ചക്രവര്‍ത്തിയായാലും മരണം എല്ലാവര്‍ക്കും ഒരു പോലെ. മരണത്തിനു ലിംഗ ,ജാതി,മത,ജീവ,ദേശ,കാല ഭേദമില്ല.പ്രകൃതിയുടെ നിയമസംഹിതയില്‍ മരണം അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ പരിണാമപ്രക്രിയയില്‍ മരണം ഒരു തുടര്‍പ്രതിഭാസമാണ്.പുഴുവിന്റെ ആത്മാവ് തന്റെ ശരീരത്തെ നഷ്ടപ്പെടുത്തി വേറൊരു ഉയര്‍ന്ന ശരീരത്തെ എടുക്കുന്നു.ഇങ്ങനെ കോടാനുകോടി ജീവജാലങ്ങള്‍ പരിണാമപ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്‍  മാത്രം എന്തേ തന്നെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല!.(ഈ പ്രക്രിയയില്‍ ജഡവസ്തുവില്‍ നിന്നും ജീവവസ്തുവിലെയ്ക്കും,ജീവവസ്തുവില്‍ നിന്നും മനോവസ്തുവിലെയ്ക്കും മനോവസ്തുവില്‍ നിന്നും ബോധവസ്തുവിലെയ്ക്കുമുള്ള പ്രയാണത്തില്‍ ആത്യന്തികമായി മനുഷ്യന്‍ തന്നെ നഷ്ടപ്പെടുത്തി പൂര്‍ണ്ണത(ഈശ്വത്വം) കൈവരിക്കേണ്ടതായുണ്ട്. അത് തന്നെയാണ് ഈശ്വരേച്ഛയും.)
ശരീരത്തില്‍ ദിനംപ്രതി പുതിയ കോശങ്ങള്‍ ഉണ്ടാകുകയും പഴയവ നശിച്ചു പോകുകയും ചെയ്യുന്നു. ഒരു ജീവന്റെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഇത് സംഭവിക്കുന്നു.എന്നാല്‍ ഈ  അവസ്ഥയ്ക്ക് കാലക്രമേണ മാറ്റം സംഭവിക്കുകയും പുതിയ കോശങ്ങളുടെ വളര്‍ച്ച ക്രമേണ മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇങ്ങനെ ദിനംപ്രതി ശരീരം മരണത്തിലേയ്ക്ക് പതുക്കെ പതുക്കെനീങ്ങിക്കൊണ്ടിരിക്കുന്നു. ഈ കോശങ്ങളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും പ്രാണോര്‍ജ്ജം അത്യന്താപേഷിതമാണ്.ഈ പ്രാണോര്‍ജ്ജത്തിനു ഹേതു സൂക്ഷ്മശരീരവുമാകുന്നു.
പ്രാണന്‍ കുടികൊള്ളുന്ന സൂക്ഷ്മശരീരമാണ് ഈ ഭൌതീകശരീരത്തിന്‍റെ ആധാരം. സൂക്ഷ്മശരീരത്തെ  പ്രാണോര്‍ജ്ജം സ്ഥൂലശരീരവുമായി  ബന്ധിപ്പിക്കുന്നു.പഞ്ചഭൂതാധിഷ്ടിതമായ ഈ പ്രപഞ്ചത്തെ ഭൌതീകശരീരം മൂലം സൂക്ഷ്മശരീരം അറിയുന്നു. സ്ഥൂലശരീരത്തില്‍ എന്തെങ്കിലും കാരണത്താല്‍ ത്രിദോഷങ്ങള്‍ ബാധിക്കപ്പെടുമ്പോള്‍  ആ അവയവത്തിലുള്ള   പ്രാണന് ചിലപ്പോള്‍ പരിഹാരം ചെയ്യാന്‍ സാധ്യമാവാതെ വരുന്നു.അപ്പോള്‍ അത് നിവര്‍ത്തി ചെയ്യാന്‍ അധികം പ്രാണശക്തി മറ്റു ഭാഗത്തില്‍ വരുത്തി   അധികമായി ചിലവാക്കേണ്ടി വരുന്നു. ഇത് ചിലപ്പോള്‍ ഹ്രസ്വപരിവാഹത്തിനു ഇട വരുത്തുന്നു. ഇത് ഹ്രസ്വനേരത്തില്‍ മാത്രമെങ്കില്‍ വേദന എന്ന് ഇതിനെ വിളിക്കാം.അത് അവയവം മുഴുവനും വ്യാപിച്ചും,കാല സമയം അധികരിച്ചും പോയാല്‍ രോഗമായി മാറുകയും,  ഈ രോഗം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സ്വയം ശരീരം മെനക്കെട്ട് ശരീരത്തിലെ പ്രാണോര്‍ജ്ജം മുഴുവനുമായി ചിലവാക്കുമ്പോള്‍ സൂക്ഷ്മശരീരത്തെ സ്ഥൂലശരീരവുമായി ബന്ധിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ശക്തി നഷ്ടപ്പെടുകയും അവസാനമായി സൂക്ഷ്മശരീരം സ്ഥൂലശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു പോകുകയും ചെയ്യും. ഇതാണ് മരണം.
മരണസമയമടുക്കുമ്പോള്‍ നമ്മുടെ ചിന്ത എങ്ങനെയെന്നു തീരുമാനിക്കുന്നത്‌.  നമ്മുടെ പ്രകൃതമനുസരിച്ചായിരിക്കും സത്പ്രവൃത്തികളാലും, ഈശ്വരചിന്തയാലും ജീവിച്ച വ്യക്തിക്ക് ആ മരണ സമയത്ത് ഈശ്വരചിന്തയാല്‍ നിറഞ്ഞിരിക്കും. സ്ഥൂല ശരീരബന്ധം വേര്‍പ്പെടുത്തിയ ജീവാത്മാവിനു സുഖദുഃഖങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യമല്ല. എങ്കിലും പോയ കാലത്തെ മങ്ങിയ ഓര്‍മ്മകള്‍ വേറൊരു ശരീരത്തില്‍ പ്രവേശിക്കുന്നത് വരെ അത് നിലനിര്‍ത്തും. മരണം എന്നത് അവസാനവാക്കല്ല. പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കും.
ജീവന്‍റെ പരിണാമപ്രക്രിയയില്‍ താഴ്ന്ന പൂര്‍ണ്ണതയില്‍ നിന്നും ഉയര്‍ന്ന പൂര്‍ണ്ണതയാണ് ലക്ഷ്യമെന്നു മുമ്പത്തെ ലേഖനത്തില്‍ സൂചിപ്പിച്ചുവല്ലോ? അപ്പോള്‍ മനുഷ്യനായി തീര്‍ന്ന ആ ജീവന്‍ മരണശേഷം  വീണ്ടും നായയോ പൂച്ചയായോ പുനര്‍ജ്ജനിക്കുക അസാധ്യമാണ്. എന്നാല്‍ തീര്‍ത്തും അങ്ങനെപ്പറയാന്‍ സാധ്യവുമല്ല. എന്ത് കൊണ്ടെന്നാല്‍ കര്‍മ്മഫലാനുഫലങ്ങളാണ് അടുത്ത ജന്മത്തെ നിശ്ചയിക്കുന്നത്.ജീവന് പൂര്‍ണ്ണത കൈവരിക്കാന്‍ തടസ്സം നില്‍ക്കുന്നത് ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങള്‍ ആണല്ലോ? അത് കൊണ്ട് ആ കര്‍മ്മഫലങ്ങള്‍ വേഗത്തില്‍ത്തീര്‍ക്കാന്‍ വേണ്ടി  മനുഷ്യജീവന്‍ മറ്റു ജീവജാലങ്ങളായി ചില സമയങ്ങളില്‍ പിറക്കേണ്ടി വരും.എന്നാല്‍ ഇത് താല്‍ക്കാലിക ജന്മം മാത്രമാണ്.പ്രപഞ്ചവസ്തുക്കള്‍ക്ക് മാത്രമേ നിയമം ബാധകമുള്ളു, ആത്മാവിനില്ലല്ലോ? ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട ജീവന്‍ സൂക്ഷ്മലോകത്ത് ചില കാലം തങ്ങുന്നു. ചിലപ്പോള്‍ സൂക്ഷ്മ ലോകത്ത് പ്രവേശിച്ച ജീവന്‍ അടുത്ത നിമിഷം തന്നെ വേറൊരു വയറ്റില്‍ പിറവിയെടുക്കുന്നു.ചിലപ്പോള്‍ പല നൂറ്റാണ്ടുകള്‍ കര്‍മ്മഫലമായി സൂക്ഷ്മലോകത്തു തന്നെ വസിച്ചെന്നും വരാം. ഇത് നിശ്ചയിക്കുന്നതാകട്ടെ സൂക്ഷ്മലോകത്തെ ദേവതകളാണ്. ഏകദേശം അവയങ്ങള്‍ പൂര്‍ണ്ണത  പ്രാപിച്ച ശിശുവില്‍ മുന്‍നിശ്ചയിക്കപ്പെട്ട പ്രകാരം ബ്രഹ്മരന്ധ്രത്തിലൂടെ പ്രവേശിച്ച ജീവന്  പഴയ കാല സ്മൃതികള്‍ ഉണ്ടായിരിക്കും.ജനിച്ചു വീണയുടന്‍ ആ സ്മൃതികള്‍ മെല്ലെ  മായാന്‍ തുടങ്ങും. എങ്കിലും ചില പഴയ ജന്മസ്മരണകള്‍ കുട്ടി സംസാരിച്ചു തുടങ്ങുന്നത് വരെ നിലനിര്‍ത്തും.
അങ്ങനെ സഞ്ചിതകര്‍മ്മഫലങ്ങളുടെ ഭാണ്ഡം പേറി വന്ന ആ ആത്മാവ്  പുതുതായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ വീണ്ടും ജനിക്കുന്നു, വീണ്ടും ജീവിക്കുന്നു,വീണ്ടും മരിക്കുന്നു.
അപ്പോള്‍ ഈ ചാക്രികപ്രക്രിയ കേവലം നാടകമാണോ? അതെ ഇത് നാടകം തന്നെയാണ്. സാക്ഷാല്‍ ജഗത്പിതാവിന്‍റെ  പ്രപഞ്ചനാടകം. അതിനെക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിശദമാക്കാം.

No comments:

Post a Comment