Monday, 10 June 2013

വിശ്വരൂപം



                   വിശ്വരൂപം

ഇത് ഈയിടെയിറങ്ങിയ ഒരു സിനിമയെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടല്ല. ഇത് ഇന്നലെ അഭിനയിച്ചു പോയവര്‍ക്കും ,ഇന്ന് അഭിനയിച്ചു തകര്‍ത്തു കൊണ്ടിരിക്കുന്നവര്‍ക്കും നാളെ അഭിനയിക്കുന്നവര്‍ക്കും ഈ ലേഖനം സമര്‍പ്പിക്കുന്നു.
ഇതുവരെയെഴുതിയ ലേഖനങ്ങളില്‍ നിന്നും  വ്യത്യസ്തമായ ഒരു രീതി ഈ ലേഖനത്തില്‍ അവലംബിക്കേണ്ടതായുണ്ട്.എന്തുകൊണ്ടെന്നാല്‍ ഈ പ്രപഞ്ചം കേവലം നാടകം മാത്രമായതു കൊണ്ടാണ്.
ഇവിടെയുള്ള സര്‍വ്വാത്മാക്കളും ആ പരമാത്മാവിന്റെ  ഇച്ഛയിന്‍പ്രകാരം അദ്ദേഹം തന്നെ സൃഷ്ടിച്ച ഈ പ്രപഞ്ചത്തില്‍ അഭിനേതാക്കളായി എത്തിയിരിക്കുകയാണ്. ഈ പ്രപഞ്ചനാടകത്തില്‍ കാലവും,ദേശവും യവനികകളാകുന്നു. ഭൂമി  അരങ്ങാകുന്നു. ഇവിടത്തെ ജീവിക്കുന്ന ഓരോ ആത്മാവും നടന്മാരാകുന്നു. ഈ നാടകത്തിന്‍റെ കര്‍ത്താവ് സാക്ഷാല്‍ ജഗത്പിതാവുമാകുന്നു. ഈ നാടകത്തിന്‍റെ ഉദ്ദേശ്യം ഞാനും എന്‍റെ പിതാവും കാലദേശത്തിനതീതരായി ഒന്നാണ് എന്ന ശാശ്വതസത്യം നമ്മള്‍ എപ്പോഴും മറക്കാതിരിക്കുക എന്നതാണ്.
എന്നാല്‍ പഞ്ചഭൂതകൂടില്‍ കയറിയ ശേഷം ഞാന്‍ എന്‍റെ പിതാവിനെ നിങ്ങളിലും  നിങ്ങള്‍ നിങ്ങളുടെ പിതാവിനെ എന്നിലും കാണുന്നില്ല. കാലദേശ യവനികകള്‍ നമ്മെ പരസ്പരം വിഭജിക്കുകയായി.നാമങ്ങള്‍ ഇല്ലാത്ത നാം പല നാമങ്ങള്‍ ധരിച്ചു. ഇല്ലാത്ത അതിര്‍ത്തികള്‍ ഉണ്ടാക്കിയെടുത്തു. ഏകമായതും,രൂപവും, ഭാവവും,നാമവുമില്ലാത്ത ആ പരമേശ്വരനെ പല രൂപത്തിലും,നാമത്തിലും,ഭാവത്തിലും അഭിസംബോധന ചെയ്തു.എന്നിട്ടും ആ പരമപിതാവ് ആ ഭക്തിയില്‍ നിര്‍വൃതി പൂണ്ട് ആ രൂപങ്ങളിലും ഭാവങ്ങളിലും നമ്മളറിയാതെ തന്നെ വന്നു  താലോലിക്കുകയും നമ്മുടെ സങ്കടം ചെവി കൊള്ളുകയുമാണ്.
ഈ നാടകത്തില്‍ നമ്മള്‍ തന്നെ മിത്രങ്ങളെ ഉണ്ടാക്കിയെടുക്കുന്നു. അതുപോലെ ശത്രുക്കളെയും ഉണ്ടാക്കിയെടുക്കുന്നു. ശത്രുവിന്‍റെ ശത്രുവിനെ മിത്രമാക്കാന്‍ തുനിയുന്നു. അതിനു വഴിവിട്ട രീതികള്‍ അവലംബിക്കുന്നു. അവസാനം ജയമോ പരാജയമോ ഒരു കൂട്ടം സത്ദുഷ്ടകര്‍മ്മഫലങ്ങള്‍ പേറി തളര്‍ന്നു മതിയാക്കി സമയം ആഗതമാകുമ്പോള്‍ സൂക്ഷ്മ ലോകത്തു ചില കാലം വസിക്കാന്‍ യാത്രയാകുന്നു.. ഇവിടെ ഓരോ ജീവാത്മാവും സൂക്ഷ്മലോകത്തില്‍ നിന്നും സ്ഥൂലകര്‍മ്മഫലം  അനുഭവിക്കാന്‍ വേണ്ടി വീണ്ടും പിറവിയെടുക്കുമ്പോഴും ഇങ്ങനെ ഇച്ഛിക്കുന്നുണ്ടാവാം വീണ്ടും മറ്റൊരു പിറവി വരുത്തരുതെയെന്ന്‍. പക്ഷെ അതെങ്ങനെ കഴിയും? നമ്മള്‍ വീണ്ടും വീണ്ടും മറക്കുകയല്ലേ  ആ മുകളില്‍പ്പറഞ്ഞ നാടകോദ്ദേശ്യം.!!! അതിനു പറ്റിയില്ലെങ്കിലും പരസ്പരസ്നേഹം  പങ്കു വെയ്ക്കാന്‍ നാം എന്തേ ഭയക്കുന്നു? നമ്മുടെ എന്തെങ്കിലും നഷ്ടപ്പെടുമെന്നു ഓര്‍ത്താണോ? ഭഗവത് ഗീതയുടെ സാരാംശം എല്ലാവര്‍ക്കും അറിയാമല്ലോ? ഈ പ്രപഞ്ചത്തില്‍ ഒന്നും കൊണ്ട് വന്നിട്ടില്ല അത് പോലെ ഒന്നും കൊണ്ടും പോകുന്നില്ല. ഈ പഞ്ചഭൂത നിര്‍മ്മിതമായ ഈ മായപ്രപഞ്ചവും അതിലെ നശ്വരങ്ങളായ വസ്തുക്കളും സൃഷ്ടിച്ചവന്‍ അവന്‍,പരിപാലിക്കുന്നവന്‍ അവന്‍ ,അതിനെ കൃത്യമായ കാലം വരുമ്പോള്‍ സംഹരിക്കുന്നവനും അവന്‍, അതിനെ സംഹരിച്ച ശേഷം ആ പ്രപഞ്ചത്തെ തിരോധാനം ചെയ്യിക്കുന്നവനും അവന്‍,അവസാനം  ആ ആത്മാക്കളെ അനുഗ്രഹിച്ചു  തന്നിലേയ്ക്കു ആവാഹിക്കുന്നവനും അവന്‍ തന്നെ.ഇത് നേരത്തെ അറിഞ്ഞവന്‍ ഈ നാടകത്തില്‍ വെറും സാക്ഷിയായി നില കൊണ്ട് ആ പിതാവിന്‍റെ നേരിട്ടുള്ള അനുഗ്രഹത്തിന് പാത്രീഭൂതരാകുന്നു. വേര് ചിലരോ എല്ലാവരിലും ഈശ്വരചൈതന്യം ദര്‍ശിച്ചുഎല്ലാവരെയും സ്നേഹിച്ചു ആ പരമേശ്വരന്റെ പരമപദത്തിനു തങ്ങളെ പ്രാപ്തരാക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷമോ ഈ മായകാഴ്ചകളില്‍ മുങ്ങിനീരാടി തളര്‍ന്നവശരായി വീണ്ടും വീണ്ടും അഭിനയിക്കാന്‍ വരുകയും ചെയ്യുന്നു (ജനിക്കുകയും,മരിക്കുകയും ചെയ്യുന്നു.) എങ്കിലും ധര്‍മ്മച്യുതി ഏര്‍പ്പെടുന്ന കാലഘട്ടത്ത്,കാരുണ്യവാനായ ആ പരമ പിതാവ് ആ സനാതന സത്യം അറിയിക്കാനും, കര്‍മ്മബന്ധങ്ങളില്‍പ്പെട്ടു ഉഴറുന്ന തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് സാന്ത്വനമേകാനും തന്നിലെത്തന്നെ ഭിന്നരല്ലാത്ത ചിലരെ നിയുക്തരാക്കുന്നു.
ഈ തുടര്‍നാടകത്തില്‍ ഈ യുഗം പ്രത്യേകിച്ച് ഈ കാലഘട്ടം  വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത് മുന്‍കൂട്ടി അറിഞ്ഞ പുണ്യപുരുഷന്മാര്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
നാം ഏറെക്കാലമായി ആകാംഷയോടെ കാത്തിരിക്കുന്ന ആ ദിവ്യാത്മാവ് ദക്ഷിണഭാരതത്തില്‍ നിന്നും ഉദിച്ചുയരും. ആ കാലം മാത്രം അതിവിദൂരമല്ല. വൈഷ്ണവതേജസ്സുള്ള ആ യുവാവ് സര്‍വ്വവിദ്യാദിശാസ്ത്രങ്ങളിലും അഗാധപാണ്ഡിത്യം നേടിയവനായിരിക്കും .ഭാരതം അതിന്റെ  നഷ്ടപ്പെട്ട പ്രതാപവും പൈതൃകവും ആ യുവാവിന്റെ നേതൃത്വത്തില്‍ വീണ്ടെടുക്കുയും ലോകത്തിനു തന്നെ ഭാരതം മാതൃകയായിത്തീരുകയും ചെയ്യും. അദ്ദേഹത്തിന്റെ ആഗമനം ഏര്‍പ്പെടുത്തിയ ആ പ്രഭാവം സമസ്ത  മേഖലകളിലും പല നൂറ്റാണ്ടുകള്‍ക്കു ഭാരതത്തെ ലോകഭൂപടത്തില്‍ ഒന്നാമതാക്കിത്തീര്‍ക്കും.

അടുത്ത ലേഖനത്തില്‍ ആ ജഗത്പിതാവിനു  നമ്മളോടുള്ള ദിവ്യസ്നേഹത്തെക്കുറിച്ച് പറയാം.

No comments:

Post a Comment