Tuesday, 30 April 2013

ജീവാത്മാവ്




ദേഹോ നജാനാതി സതോ ന ജന്മ
ദേഹ പ്രമാണോന്യ ഉദേതി മദ്ധ്യേ
അഹംകൃതി ഗ്രന്ഥി വിബന്ധ സൂക്ഷ്മ
ശരീരചേതോ ഭവ ജീവനാമാ
ആത്മാവിനു ജന്മമില്ല എന്ന് ദേഹം അറിയുന്നില്ല. ദേഹത്തിനും ആത്മാവിനും മദ്ധ്യത്തില്‍ അഹങ്കാരം ഉദയം ചെയ്യുന്നു.അഹങ്കാരം സൂക്ഷ്മശരീരം എന്നിവയുടെ ബന്ധം കൊണ്ട് ജനിക്കുകയും,മരിക്കുകയും ചെയ്യുന്നവനാണ് ജീവന്‍.
ഞാന്‍,എന്‍റെ,എന്ന വാക്കുകള്‍ ആ അനന്തവും,അരൂപവുമായ ആത്മാവിനെ പരിഛിന്നനാക്കി ജീവത്മാവാക്കി തീര്‍ക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറയുന്നത് പോലെ ഒരു ദിവസം നമ്മള്‍ എത്ര പ്രാവശ്യമാണ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. അത്രയുംതന്നെ പ്രാവശ്യം നമ്മള്‍ ആ സര്‍വ ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്ന ആ ഏകമായ,അദ്വിതീയമായ ആത്മചൈതന്യത്തെ  തിരിച്ചറിയാതെ പരിഛിന്നന്‍മാരായി ഇരിക്കുകയല്ലേ. ഇത് എന്റെ ലോകം, എന്റെ നിയമം, എന്റെ കാഴ്ചപ്പാട്. അപ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാട്, എന്റെ കാഴ്ചപ്പാട് അങ്ങനെ ലക്ഷം കോടി കാഴ്ചപ്പാടുകള്‍. എന്റെ ശരീരം ,എന്റെ വിചാരം,എന്റെ ബോധം എല്ലാം എന്നെ നിങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നു.അങ്ങനെ ഏകമായ ആ ആത്മചൈതന്യത്തെ പലതാക്കി പല ജീവന്മാരാക്കി തീര്‍ക്കുന്നു. എന്ത് കൊണ്ട് ഞാന്‍, എന്റെ എന്ന് പറയുന്നു.ഈ പ്രകൃതിയുമായുള്ള താദാത്മ്യം മൂലം. മായ മൂലം.
മായ. എന്നാല്‍ മാ+യ.അതായത്.യാതൊന്നാണോ മുമ്പൊരു ക്ഷണത്തില്‍ ഉണ്ടായിരുന്നത് അത് പിന്നീടു ഇല്ലാതായിത്തീര്‍ന്നത്‌ അതാണ്‌ മായ. ഏതാണോ സ്ഥിരമായ രൂപം ഇല്ലാത്തതു അത് മായ. ഏതാണോ പ്രത്യക്ഷത്തില്‍ വന്നു അപ്രത്യക്ഷമായിതീരുന്നത് അത് മായ. ഏതാണോ കാലദേശങ്ങള്‍ക്കുള്‍പ്പെട്ടത്‌  അത് മായ.  ഈ മനസ്സ് മായ. എന്ത്  കൊണ്ടെന്നാല്‍ ഇത് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു. ഈ ശരീരം മായ എന്ത് കൊണ്ടെന്നാല്‍ ഇതു ബാല, കൌമാര യൌവന,വാര്‍ദ്ധക്യ അവസ്ഥകളെ പ്രാപിക്കുന്നു.എനിക്ക് സ്വയം സൌന്ദര്യം ഉണ്ടെന്നു തോന്നിപ്പിക്കുന്നു. ഇത് മായ.അതിനാല്‍ ഉണ്ടാകുന്ന ഗര്‍വ്വം മായ.അതിനു വേണ്ടി എല്ലും, മാംസവും മൂടിയ ഈ ദേഹം നശ്വരമാണെന്നറിഞ്ഞിട്ടു പോലും അതിനെ പരിപോഷിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും മായ. ഇല്ലാത്ത മാനാപമാനങ്ങള്‍,സുഖദുഃഖങ്ങള്‍ ഉണ്ടെന്നു തോന്നിപ്പിക്കുനതും മായ.
ഈ പ്രപഞ്ചം മായ. എന്ത് കൊണ്ടെന്നാല്‍ ഈ പ്രപഞ്ചം മുന്‍പുണ്ടായിരുന്നില്ല. ഈ പ്രപഞ്ചവും മുമ്പുള്ള പോലെയുള്ളതല്ല നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും,നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പിന്നീടു പ്രപഞ്ചം തന്നെ ഇല്ലാതെ പോവുകയും ചെയ്യും.
പഞ്ചഭൂതാത്മകമാണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചത്തിനു മൂല പ്രകൃതിയാണ് ആധാരം. ഏകവും പരിശുദ്ധവുമായ ആ ആത്മചൈതന്യം മൂലപ്രകൃതിയില്‍ കലരുമ്പോള്‍ അഹങ്കാരം ഉടലെടുക്കുന്നു. എന്ത് കൊണ്ടെന്നാല്‍ കാലദേശങ്ങള്‍ മൂലപ്രകൃതിയുടെ ആഭരണങ്ങള്‍ ആണ്. കാലദേശങ്ങള്‍ക്കുള്‍പ്പെട്ട പഞ്ചഭൂതാത്മകപ്രപഞ്ചമെന്ന ആവരണത്തില്‍പ്പെട്ടു പ്രകൃതിയില്‍ ഉള്ളതെല്ലാം തന്നെ ബാധിക്കുന്നതായി ആ ആത്മാവ് കരുതുന്നു. ഏകമായ ആ ആത്മാവ് പ്രകൃതിയുടെ പ്രചോദനത്താല്‍ വിവിധത കൈവരിക്കുന്നു.അതായതു താന്‍  പഞ്ചഭൂതാത്മകമായ ശരീരമാണെന്നു ആത്മാവിനു തോന്നുന്നു. ഇതെങ്ങനയെന്നു വെച്ചാല്‍ ഒരു സിനിമ കാണുമ്പോള്‍ അതില്‍ സംഭവങ്ങള്‍ നാം ഉള്‍ക്കൊണ്ടു അതനുഭവിച്ചു ആസ്വാദിക്കുന്നത് പോലെ. പക്ഷെ അതില്‍  ഉണ്മയില്ലല്ലോ? സിനിമ തീയറ്റര്‍ വിട്ടിറങ്ങിയ നാം ഇതില്‍ നിന്നും മുക്തരാകുന്നത് പോലെ ജീവനും പ്രകൃതിയുമായുള്ള തന്റെ ബന്ധം(ബന്ധനം) ഉപേക്ഷിച്ചേ മതിയാവൂ. ഇതെങ്ങനെ സാധ്യമാവും.?
ഞാന്‍ ഈ ശരീരമല്ല, എനിക്ക് ഗുണങ്ങളില്ല.ഞാന്‍ പ്രകൃതിയുടെ അടിമയല്ല. മറിച്ച് ഞാന്‍ അതിന്റെ തലവനാണ്. എന്റെ യഥാര്‍ത്ഥ സത്വം നിര്‍ഗുണത്വവും, നിരാകാരമയവുമാണ്. എന്നൊക്കെ അറിയുന്നത് മൂലം.എന്റെ ഉണ്മയായ താദാത്മ്യം പരമാത്മവിലാണ് അല്ലാതെ അവന്റെ മായയിലല്ല എന്ന ബോധം മൂലം.
ആത്മാവ് പരിപൂര്‍ണ്ണനാണ്. ഈ ബന്ധനങ്ങള്‍ വെറും ഇടയ്ക്കുണ്ടായ തോന്നല്‍ മാത്രമാണെന്ന് തിരിച്ചറിയുക. ഇവിടെയുള്ള ജീവജാലങ്ങള്‍  അതായത് സസ്യം  മുതല്‍ മനുഷ്യന്‍ വരെ ആരും തന്നെ അപൂര്‍ണ്ണരല്ല. എന്ത് കൊണ്ടെന്നാല്‍ ആത്മാവ് പൂര്‍ണ്ണമാണ്. എല്ലാ ജീവജാലങ്ങളുടെയും പ്രയാണം അപൂര്‍ണതയില്‍ നിന്നും പൂര്‍ണതയിലേക്കല്ല.പക്ഷെ താഴ്ന്ന പൂര്‍ണ്ണതയില്‍ നിന്നും ഉയര്‍ന്ന പൂര്‍ണ്ണതയിലേക്കാണ്. എത്രയോ കാലം എത്രയോ ജന്മം കഴിഞ്ഞിരിക്കുന്നു ഈ മനുഷ്യജന്മം കൈവരിക്കാന്‍.എന്ത് കൊണ്ടെന്നാല്‍ ഈ ആരോഹണപ്രയാണത്തില്‍ മനുഷ്യജന്മം കൊണ്ടേ ആത്യന്തിക പൂര്‍ണത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ആരോഹണ പ്രയാണത്തില്‍ അവനെ സഹായിക്കാന്‍ ആ കരുണാമയനും, പരിപൂര്‍ണ്ണനുമായ ആ പരമപുരുഷന്‍ സ്വയം അവരോഹിതനായി  ആരോഹണ പ്രയാണം നടത്തിക്കൊണ്ടു യുഗങ്ങള്‍ തോറും കൂടെ അവതരിക്കുന്നു.(അതെ അത് ഭഗവാന്റെ ഫലേച്ഛയില്ലാത്ത കര്‍മ്മവുമാണ്)
ഇത് ഇവിടെ പൂര്‍ണ്ണമാകുന്നില്ല. സംസാര സാഗരത്തില്‍ ആത്യന്തിക പൂര്‍ണ്ണതയിലേക്കുള്ള ജീവാത്മാവിന്റെ പ്രയാണത്തില്‍ ജനന ,മരണ ചക്രത്തെക്കുറിച്ച് പറയാതെ ഈ ലേഖനത്തിന് എന്ത് പൂര്‍ണ്ണത?.


No comments:

Post a Comment