Sunday, 14 April 2013

മനസ്സ് -2




സങ്കല്പവികല്പാത്മികാവൃത്തിഃമനഃ

മനസ്സ്, സത്യത്തില്‍ ഒരു മണ്ണാങ്കട്ട മാത്രമല്ലേ? ഒരു ചെറിയ  മണ്ണാങ്കട്ട എന്നത് ആയിരകണക്കിന്,ലക്ഷക്കണക്കിന്‌ പൊടിപടലങ്ങളുടെ ഒരു കൂമ്പാരമല്ലേ? അതില്‍ നിന്നും ഒരു മണ്‍തരികണക്കിനു ഒന്നൊന്നായി വേര്‍പെടുത്തി നോക്കൂ? അവസാനം അവിടെ മണ്ണാങ്കട്ടയില്ല. അവിടെ ശൂന്യത മാത്രം അവശേഷിക്കുന്നു. ഇത് തന്നെയല്ലേ മനുഷ്യ മനസ്സും .ഒരു പാട് സങ്കല്പ്പങ്ങളുടെയും,വികല്പങ്ങളുടെയും ചിന്താധാരകളുടെയും കലവറ. ആ ചിന്തകള്‍ മനുഷ്യനെ ജീവിപ്പിക്കുന്നു. ആ ചിന്തകളും സങ്കല്‍പ്പങ്ങളും നശിച്ചു പോയാല്‍ കേവലം ‘ഞാന്‍’ എന്ന സത്യം മാത്രം അവശേഷിക്കുന്നു. അതായത് ഞാന്‍ ശരീരമാണെന്ന തോന്നല്‍ നശിച്ചു ‘ഞാന്‍’ ശിവന്‍ തന്നെയെന്ന ബോധം എനിക്കുണ്ടാകും. എന്നെ പരമാത്മാവില്‍ നിന്നും പരിഛിന്നനാക്കി,എനിക്ക് നശ്വരമായ ഒരു നാമധേയമുണ്ടാക്കുന്ന ഘടകങ്ങളില്‍ ഒന്നല്ലേ ഈ മനസ്സ്?.പ്രകൃതിയില്‍ നിന്ന് പരബ്രഹ്മത്തിലേക്കുള്ള ലയനത്തിന് മാര്‍ഗ്ഗതടസ്സം അല്ലേ ഈ മനസ്സ്?. ഈ പ്രകൃതിസൃഷ്ടികളെ കണ്ടു സത്യമെന്ന് കരുതി  ഞാന്‍ മോഹിക്കുമ്പോള്‍, നേതി ,നേതി എന്ന് ഉള്ളിലുള്ള സര്‍വസാക്ഷി വിലക്കുമ്പോഴും എന്നെ അതിനോട് അടുപ്പിക്കുന്നതും ഈ മനസ്സ് തന്നെയല്ലേ?.
ഒക്കെ ശരിത്തന്നെ,മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?. ഹൃദയത്തിലോ,കരളിലോ(കവികളുടെ ഭാവനയില്‍ ഹൃദയവും,കരളും ഒന്ന് തന്നെ.) മസ്തിഷ്ക്കത്തിലോ?. അതോ ശരീരത്തിന്‍റെ വേറെ എവിടെയെങ്കിലുമോ?
ആദ്യമായി പറയാണെങ്കില്‍ മനസ്സ് സൂക്ഷ്മശരീരത്തിന്‍റെ ഒരു ഘടകമാണ്. അതുകൊണ്ടാണ് ഇന്ന സ്ഥലത്ത് ഇവിടെയാണ്‌ എന്നൊന്നും സ്ഥൂലമായി നിര്‍വചിക്കാന്‍ പറ്റാത്തത്.മനസ്സ് ചിന്തകളുടെയും,  വികാരവിചാരങ്ങളുടെയും, അനുഭവങ്ങളുടെയും ആകെത്തുകയാണ്. ആത്മാവിനും ജഗത്തിനും പാലമായി സ്ഥിതി ചെയ്യുന്നത് മനസ്സ് തന്നെയാണ്.ശരീരത്തില്‍ ഉണ്ടാകുന്ന സുഖദുഃഖങ്ങളെ അറിയിക്കുന്നതും മനസ്സ് തന്നെ.എന്നാല്‍ മനസ്സിന് തനിച്ചു പ്രവര്‍ത്തിക്കാന്‍ അസാധ്യമാണ്. ആത്മാവ്,പ്രാണന്‍,മസ്തിഷ്കം,പഞ്ചേന്ദ്രിയങ്ങള്‍, സ്ഥൂലശരീരം എന്നിവയുടെ സഹായത്തോടെ മനസ്സിന് പ്രവര്‍ത്തിക്കാന്‍ സാധ്യമാവുകയുള്ളു.ഇതില്‍ എതിന്റെയെങ്കിലും അഭാവം ഉണ്ടെങ്കില്‍ മനസ്സ് അവിടെയുണ്ടാകില്ല.ഒരു വിധത്തില്‍ പറയാണെങ്കില്‍ മനസ്സ് തരംഗങ്ങളായി മൂലാധാരം മുതല്‍ സഹസ്രാരചക്രത്തിന്റെ  തൊട്ടുപടിക്കല്‍ വരെ കാന്തികതരംഗങ്ങളായി വ്യാപിച്ചു കിടക്കുന്നു. എങ്കിലും മൂലധാരത്തിനെ മനസ്സിന്റെ പ്രധാനകേന്ദ്രമായി എടുക്കാവുന്നതാണ്. കാരണം മൂലാധാരാമാണല്ലോ ശരീരത്തിന്റെ നടുക്കുള്ളതും അതുകൊണ്ട് തന്നെ ശരീരത്തിലോടുന്ന ജീവകാന്തിക തരംഗങ്ങള്‍ക്ക് കേന്ദ്രമായിട്ടുള്ളതും. എന്നാലും ഹൃദയവും,മസ്തിഷ്കവും,പുരികമദ്ധ്യവും എല്ലാം ഉപകേന്ദ്രങ്ങളുമാകുന്നു. അതായത് മനുഷ്യന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ അവന്റെ മനസ്സ് പുരികമധ്യത്തിലായിരിക്കും. അവന്റെ ഉറക്കത്തില്‍ ഹൃദയത്തില്‍ വന്നു ചേരുന്നു.ധ്യാനത്തില്‍ മനസ്സ് സഹസ്രാരത്തില്‍ അര്‍പ്പിക്കപ്പെടുന്നു. മനസ്സ് യഥാര്‍ത്ഥത്തില്‍ ജീവകാന്തിക തരംഗങ്ങളായി ആണല്ലോ സഞ്ചരിക്കുന്നതായി പറഞ്ഞത് .തരംഗങ്ങള്‍ ആണെങ്കില്‍  അതിനു ആവൃത്തി(frequency) ഉണ്ടാകണമല്ലോ? ഈ ആവൃത്തിയാണ് മനോവേഗത്തിനെ നിശ്ചയിക്കുന്നത്.നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഈ ആവൃത്തി കൂടുതലായിരിക്കും,ഉറങ്ങുമ്പോള്‍ കുറഞ്ഞു വരും. ധ്യാനാവസ്ഥയില്‍ ഈ ആവൃത്തി വളരെ കുറഞ്ഞു പോകും. മനസ്സ് പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി ചെലുത്തുമ്പോള്‍ ഈ  ആവൃത്തി കൂടി വരും. പഞ്ചേന്ദ്രിയങ്ങളെ അടക്കി നിര്‍ത്തി ധ്യാനനിമഗ്നനാകുമ്പോള്‍  ഈ ആവൃത്തി വളരെക്കുറഞ്ഞ് പോകും.
വികാരവിചാരചിന്താസങ്കല്‍പ്പങ്ങളെ  നിയന്ത്രിക്കുന്നതും ,നിശ്ചയിക്കന്നതും മനോവേഗമാണ്.വികാരവിചാരചിന്താസങ്കല്‍പ്പങ്ങള്‍ മുജന്മങ്ങളുടെയും, മുന്‍തലമുറകളുടെയും(പിതാമഹന്മാര്‍),ഈ ജന്മത്തില്‍ ഇതിനാല്‍ ബന്ധപ്പെട്ടുണ്ടായ കര്‍മ്മങ്ങളുടെ സാഹചര്യവുമായി അടിസ്ഥാനപ്പെട്ടുകിടക്കുന്നു. ഇതെല്ലാം മൂലാധാരത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ജീവന്റെ മനസ്സു എങ്ങനെ ഉള്ളതായി തീരണമെന്നു നിശ്ചയിക്കപ്പെടുന്നു. നമ്മള്‍ ആത്മാക്കള്‍ പലരുണ്ടല്ലോ എന്നല്ലേ നമ്മുടെയൊക്കെ വെയ്പ്പ്?(ഇത് സത്യമാണോ?)എങ്കില്‍ പ്രപഞ്ചത്തില്‍  പല മനസ്സുകള്‍ ഉണ്ടാകണമല്ലേ? ഞാന്‍ ചിന്തിക്കുന്നത് പോലല്ലോ നിങ്ങള്‍ ചിന്തിക്കുന്നത് .അപ്പോള്‍ പല മനസ്സുകള്‍  ഉണ്ടെങ്കില്‍ അവയ്ക്കെല്ലാം അടിസ്ഥാനമായി ഒരു സമഷ്ടിപ്രപഞ്ചമനസ്സും ഉണ്ടാകണമല്ലോ? കളങ്കപ്പെടാത്ത ഒന്നാണ് ആ പ്രപഞ്ച മനസ്സ്.ആത്മാവിനു പ്രകൃതിയുമായുള്ള താദാത്മ്യം ഉണ്ടാകുമ്പോള്‍ ആ പ്രപഞ്ച മനസ്സ് കളങ്കപ്പെടുന്നു. അങ്ങനെ ജീവാത്മാവ് അവിടെ ഉദയമാകുന്നു. ഇതിനെ കൂടുതല്‍ വ്യക്തമാക്കാന്‍ ‘ജീവാത്മാവ്’ എന്ന അടുത്ത ലേഖനത്തില്‍ ശ്രമിക്കാം.

No comments:

Post a Comment