ഈ പ്രപഞ്ചം ആ
ജഗത്പിതാവിനു സ്വന്തമാണ്. അദ്ദേഹത്തിന്റെ
ഇച്ഛയുടെ പ്രത്യക്ഷസാക്ഷാത്കാരമാണ് ഈ പ്രപഞ്ചം. നിരാകാരിയായ അദ്ദേഹം ഓരോ അണുവിലും
തന്റെ സാന്നിധ്യത്തെ നിമിഷംപ്രതി അറിയിച്ചു കൊണ്ടിരിക്കുന്നു.
ഈ ഭൂമിയുടെ സ്ഥിരവാസികള്‍
നമ്മളല്ല. നമ്മുടെ യഥാര്‍ത്ഥ വാസസ്ഥലം ആ സ്നേഹമയനായ ആ ഈശ്വരന്‍റെ തിരുമാറിലാണ്.
ഇവിടെ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം വിരുന്നു വന്നതേയുള്ളൂ.കരുണാമൂര്‍ത്തിയായ
അദ്ദേഹം ഓരോ ജീവാത്മാവിന്റെ പ്രവര്‍ത്തനത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നു.
സൂക്ഷ്മ, കാരണ ലോകങ്ങള്‍ക്കും അപ്പുറത്ത് വസിക്കുന്ന സ്നേഹസമ്പന്നനായ ആ പിതാവ്
തന്റെ ഗേഹം വിട്ടുപോന്ന ഓരോ ജീവാത്മാവിനു വേണ്ടിയും ക്ഷമയോടെ തിരിച്ചു വരവിനായി
കാത്തിരിക്കുന്നു.
ഈശ്വരന്‍ നമ്മെ
സ്നേഹിക്കുന്നത് പോലെ നമ്മള്‍ തിരിച്ചങ്ങോട്ട് സ്നേഹിക്കുന്നുണ്ടോ? സ്നേഹമയമായ ഈ
പ്രപഞ്ചത്തില്‍ സ്നേഹം മാത്രമേ കൊടുത്താല്‍ തിരിച്ചതിന്റെ ഇരട്ടിയില്‍
ലഭിക്കുകയുള്ളൂ.ഈശ്വരന്‍ നമ്മെ സ്നേഹിക്കുന്നുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് അതിന്റെ
ഇരട്ടിയില്‍ തിരിച്ചു കൊടുക്കാന്‍ നാം ബാധ്യസ്ഥരല്ലേ? എന്നിട്ടും എന്തേ സ്വാര്‍ത്ഥതല്പരരായ
നാം നമ്മുടെ ധനത്തിനും ,പദവിക്കും വേണ്ടി മാത്രം
ഈശ്വരനെ വിളിക്കുന്നു,സ്നേഹിക്കുകയാണ് എന്ന് പറയുന്നു. ഇതാണോ ഈശ്വരനോടുള്ള
യഥാര്‍ത്ഥ സ്നേഹം. നാം അവനെ നമ്മുടെ പേരിനും പ്രശസ്തിക്കും ബന്ധുക്കള്‍ക്കും
മാത്രമല്ലേ കാവല്‍ കാക്കാന്‍ നമ്മുടെ
ജീവിതത്തില്‍ ക്ഷണിക്കുന്നത്. അതിനു
വേണ്ടിയല്ലേ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതും.
ബഹുഭൂരിപക്ഷം
ജനങ്ങളും തങ്ങളുടെ ഓരോ സ്ഥൂല
പ്രപഞ്ചവിജയത്തിലും ഈശ്വരനെ മറന്നു,സ്വയം മതിമറന്നു അത് തന്റെ മാത്രം വിജയമാണെന്നു
ആഹ്ലാദിക്കുന്നു.ചുരുക്കം ചിലരാകട്ടെ ആ വിജയത്തിനു ഈശ്വരന് നന്ദി കാണിക്ക മൂലം ചെലുത്തുന്നു.
എന്നാല്‍ ആ പിതാവിന് ആവശ്യമായിട്ടുള്ളതോ അവനവന്‍റെ ആത്മീക ഉന്നമനവും അതിലൂടെ ആ
ആത്മാവിനായി തുറക്കുന്ന തന്‍റെ സാമ്രാജ്യത്തിലെ വിശുദ്ധ കവാടവുമാണ്. .
ആ ജഗത്പിതാവ്
സദാജാഗരൂകനാണ്.ഓരോ ജീവാത്മാവും താന്‍ ആ പരമാത്മാവിനെ കണക്കറ്റു സ്നേഹിക്കുന്നുണ്ട്
എന്ന് പ്രഖ്യാപിക്കുമ്പോഴും ആ സ്നേഹം താന്‍ സൃഷ്‌ടിച്ച പ്രപഞ്ചവസ്തുക്കളോടോ അതോ
തന്നെ മാത്രം ആണോഎന്ന് അദ്ദേഹം സ്വയം അറിയുന്നു. നമ്മുടെ ഓരോ ഉറച്ച പ്രഖ്യാപനത്തിലും
അദ്ദേഹം പരീക്ഷ കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സ്നേഹം ഏതു തരത്തിലാണെന്നു കാണിപ്പിച്ചു
നമ്മെ ലജ്ജിതരാക്കിത്തീര്‍ക്കുന്നു. സദാവൈരാഗിയാണെങ്കില്‍പ്പോലും അദ്ദേഹം നമ്മുടെ സ്നേഹം മാത്രമേ
കൊതിക്കുന്നുള്ളു.എന്നാല്‍ നമ്മളോ കുട്ടികളെപ്പോലെ അദ്ദേഹം നമുക്ക് തന്ന കളിപ്പാട്ടങ്ങളില്‍
മാത്രം ശ്രദ്ധിച്ചു സദാമുഴുകുകയാണ്.
നമ്മള്‍ മാത്രമേ വിവേചനപരമായി ധനികനെന്നോ ദരിദ്രനെന്നോ
ചിന്തിക്കാറുള്ളു. അഹംഭാവമില്ലാത്ത പ്രപഞ്ചപിതാവിന് മക്കള്‍ എല്ലാം തുല്യര്‍
മാത്രമാണ്. അദ്ദേഹം എല്ലാവരെയും തുല്യതയോടെ സ്നേഹിക്കുന്നു. എന്നാല്‍ നമ്മളോ പേരും
പ്രശസ്തിയുള്ളവര്‍ക്കും മാത്രം ആ സ്നേഹം വാരിവിതറുന്നു.എന്നാല്‍ അതില്ലാത്തവരെ
നികൃഷ്ടതയോടെ നോക്കുന്നു. ഇതാണോ നമുക്ക് ഈശ്വരനോടുള്ള സ്നേഹം?
എത്രയോ ജന്മങ്ങള്‍
നമ്മള്‍ ജീവാത്മാക്കള്‍ എടുത്തിരിക്കുന്നു.ഇന്നത്തെ അച്ഛനമ്മമാര്‍, സഹോദരങ്ങള്‍,മറ്റു
ബന്ധുജനങ്ങള്‍ എല്ലാം പോയ ജന്മത്തില്‍ അപരിചിതരായിരുന്നു.അതെ പോലെ മുജന്മത്തിലെ
അപരിചിതരായി കരുതിയവര്‍ ഇന്ന് നമുക്ക്
മേല്‍പ്പറഞ്ഞ രീതിയില്‍ ബന്ധുക്കളായിത്തീര്‍ന്നിരിക്കുന്നു. അപ്പോള്‍ വിശേഷാല്‍
ഭേദം കാണുന്നത് തികച്ചും തെറ്റല്ലേ? അതുകൊണ്ട് ഒരു ചിലര്‍ക്ക് മാത്രം സ്നേഹം
വാരിവിതറുന്നതും മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നതും പ്രപഞ്ചസ്രഷ്ടാവിന്‍റെ
നിയമസംഹിതയ്ക്ക് എതിരല്ലേ?
പ്രപഞ്ചത്തിനു
നിയമം ഒന്നേയുള്ളൂ.അതാണ് പരസ്പരം സ്നേഹിക്കുക. .അത് കൊടുക്കാന്‍ അറിയാത്തവര്‍
ജീവിതത്തില്‍ എത്ര തന്നെ ഉന്നതി കൈവരിച്ചാലും ആ വിജയം അപൂര്‍ണ്ണമായിത്തന്നെ
കരുതാവുന്നതാണ്.