ഈ (മനസ്സാകുന്ന) ദേവന്‍ സ്വപ്നത്തില്‍ തന്റെ മഹിമയെ അനുഭവിക്കുന്നു ഏത് ഏത് (മുമ്പ് ജാഗ്രദാവസ്ഥയില്‍) കണ്ടതോ ,അതിനെയെല്ലാം വീണ്ടും കാണുന്നു.ഏത് ഏത് കേട്ടതോ അതിനെയെല്ലാം കേള്‍ക്കുന്നു.പല സ്ഥലങ്ങളില്‍ പല ദിക്കുകളില്‍ എന്ത് എന്ത് അനുഭവിച്ചോ അതിനെയെല്ലാം വീണ്ടും അനുഭവിക്കുന്നു. കണ്ടതും,കാണാത്തതും ,കേട്ടതും,കേള്‍ക്കാത്തതും, അനുഭവിച്ചതും ,അനുഭവിക്കാത്തതും,ഉള്ളതും ഇല്ലാത്തതും ആയ സര്‍വതും ആയി സര്‍വതിനെയും കാണുന്നു.
(പ്രശ്നോപനിഷദ്)
അന്തഃകരണ വൃതിശ്ച
ചിതിഛായൈക്യമാഗതാ
വാസനാഃകല്പയേത് സ്വപ്നേ
ബോധേക്ഷൈര്‍ വിഷയാന്‍ ബഹിഃ
(ദൃക് ദൃശ്യ വിവേകം : ശങ്കരാചാര്യര്‍)
മുമ്പത്തെ ലേഖനത്തില്‍ ദശരഥ സ്വപ്നത്തെക്കുറിച്ചു പ്രതിപാദിച്ചിരുന്നുവല്ലോ . ഈ സ്വപ്നം ബ്രഹ്മസങ്കല്‍പ്പത്തില്‍ നിന്ന് തുടങ്ങുന്നു. സത്യം ഇത് മാത്രമാണ് .പരമപുരുഷന്റെ സ്വപ്നം മാത്രമാണ് ഈ മഹാപ്രപഞ്ചം . എങ്ങനെ നമ്മുടെ ഉറക്കത്തില്‍ നമ്മള്‍ നമ്മുടെതായ സൃഷ്ടി കേവലം ചില നിമിഷങ്ങള്‍ മാത്രം നടത്തി ഒരു ജീവിത കാലയളവില്‍ നടന്നതായി ഭാവിക്കുന്നുവോ ഈ മഹാപ്രപഞ്ചമെന്ന നാടകവും പരമ പുരുഷന് മൂലപ്രകൃതിയുമായുള്ള സമ്പര്‍ക്കത്തില്‍ കേവലം ചില നിമിഷങ്ങള്‍ മാത്രം നടക്കുന്ന സൃഷ്ടി ( മനുഷ്യ കാലയളവില്‍ പല നൂറു കോടി വര്‍ഷങ്ങള്‍) ആണ് .ആ പരമപുരുഷനില്‍ നിന്നും അന്യമല്ലാത്ത ആത്മാക്കളും അവനെ പോലെ പ്രകൃതിയുമായുള്ള സമ്പര്‍ക്കം മൂലം സൃഷ്ടി ജാഗ്രതാവസ്ഥയിലും ,നിദ്രവേളയിലും നടത്തുന്നു.
സ്വപ്നത്തെ കുറിച്ച് പ്രതിപാദിക്കണമെങ്കില്‍ ആത്മാവ്, പ്രാണന്‍,മനസ്സ്, നിദ്ര, ജീവാവസ്ഥകള്‍ എന്നിവയെ കുറിച്ചറിഞ്ഞിരിക്കണം , ജീവ സങ്കല്‍പ്പത്തില്‍ ഇവ തമ്മില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു . ഒന്നിനെ കുറിച്ചു പറയാതെ മറ്റൊന്ന് പൂര്‍ണ്ണമാകില്ല . എങ്കിലും സ്വപ്നത്തെ കുറിച്ചു മാത്രം ഇവിടെ പറയാന്‍ പരമാവധി ശ്രമിക്കാം .
ഇവിടെ Freud -ന്റെയോ മറ്റു ഗവേഷകരുടെയോ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുക എന്നതല്ല ലക്‌ഷ്യം . ഭാരതീയമായ ഒരു ശാസ്ത്രനിരീഷണം നടത്തുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
ആദ്യം ഈ നിദ്രയെക്കുറിച്ച് പറഞ്ഞാലേ സ്വപ്നത്തെ കുറിച്ചു പറയാന്‍ സാധിക്കുകയുള്ളൂ.. നിദ്രയെക്കുറിച്ച് അറിഞ്ഞിരിക്കണമെങ്കില്‍ പ്രാണനെ (life force) അറിയണം . ഈ പുഴു മുതല്‍ തിമിംഗലം വരെയുള്ള ജീവജാലങ്ങള്‍ക്ക് പ്രാണശക്തിയാണ് ആധാരം . കാരണ, സൂക്ഷ്മ,സ്ഥൂല ശരീരങ്ങളെ ബന്ധിപ്പിക്കുന്നതും ഈ പ്രാണശക്തി തന്നെ .ശരീരകോശങ്ങളുടെ ദിനം പ്രതിയുള്ള പ്രവര്‍ത്തനത്തിനും അവ തമ്മില്‍ പരസ്പര ബന്ധം പുലര്‍ത്തുന്നതിനും (intra &inter) ഈ ജീവകാന്ത ശക്തി അത്യന്താപേഷിതമാണ്.ഈ ശക്തിയാണ് ജീവകാന്തികശക്തിയായി (Bio magnetic force)ശരീരം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുന്നത് .ഈ കാന്തിക ശക്തയാണ് ശരീരത്തിലെ ദഹനേന്ദ്രിയ,രക്തചംക്രമണ,ശ്വാസോച്ഛോസ , നാഡിവ്യവസ്ഥകളെ നിയന്ത്രിക്കുന്നത്.ഇത് കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍കൂടിമൂലമും ഈ പ്രാണോര്‍ജ്ജം നഷ്ടമായിക്കൊണ്ടിരിക്കുന്നു.എന്നാലും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും, അന്തരീക്ഷത്തില്‍ നിന്നും വരുന്ന നിരന്തര ഊര്‍ജ്ജ സ്രോതസ്സുകള്‍ മൂലം ആ ശക്തി പുന:സ്ഥാപിക്കപ്പെടുന്നു.എങ്കിലും ഈ കാന്തിക ശക്തിക്ക് കുറവ് ഏര്‍പ്പെടുമ്പോള്‍ ക്ഷീണം ഏര്‍പ്പെടുന്നു.ഇത് ശരീരം തന്നെ സ്വയം വിശ്രമത്തിനു പ്രേരിപ്പിച്ചു ആ ശക്തിനഷ്ടത്തെ പരിഹരിക്കാന്‍ ഉതകുന്നു.ഓരോ ജീവജാലങ്ങള്‍ക്കും പ്രകൃതി ഒരു നിശ്ചിത പ്രാണ ശക്തി പ്രകൃതി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ശരീരത്തെ നിദ്രയിലേക്ക് നയിച്ചു ആ നഷ്ടപ്പെട്ട പ്രാണ ശക്തി പുനസ്ഥാപിപ്പിക്കുന്നു.
നാം നിദ്രയില്‍ സ്ഥൂല അവയമായ കണ്ണുകള്‍ മൂടിയാണ് ഉറങ്ങുന്നത്.അപ്പോള്‍ കണ്ണ് പ്രവര്‍ത്തനക്ഷമമല്ല .എന്നിട്ടും സ്വപ്നം കാണുന്നു. എന്ത് മൂലം? സൂക്ഷ്മശരീരത്താല്‍.പ്രാണന്‍ സൂക്ഷ്മശരീരവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ആണ് സ്വപനം ഉണ്ടാകുന്നത്. അതായത് പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത അവസരത്തില്‍ മനസ്സ് മാത്രം അവിടെ പ്രവര്‍ത്തന യോഗ്യമാകുന്നുളളു.അതായത് ജാഗ്രദാവസ്ഥ സ്ഥൂല ശരീരത്തിനും സ്വപ്നാവസ്ഥ സൂക്ഷ്മശരീരത്തോടും ബന്ധപ്പെട്ടുകിടക്കുന്നു. ഈ സൂക്ഷ്മ സ്ഥൂല ശരീരങ്ങള്‍ പ്രാണനെ ആശ്രയിച്ചിരിക്കുന്നു.പ്രാണന്‍ മൂലം ജാഗ്രദാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഉദാഹരണമായി ഒരു വ്യക്തി തന്റെ യാത്രയില്‍ ഒരു ആല്‍മരത്തെ കണ്ടുവെന്നു സങ്കല്‍പ്പിക്കുക.അതിനു ശേഷം വേറൊരു സ്ഥലത്ത് ഒരു പശുവിനെ കണ്ടു എന്നും സങ്കല്‍പ്പിക്കുക. ഈ ആല്‍മരത്തെയും,പശുവിനെയും നേത്രങ്ങളെ കാണാന്‍ സഹായിച്ചത് പ്രാണനാണ്.ഈ കാഴ്ചകള്‍ ജീവകാന്തിക തരംഗങ്ങളായി ശരീരത്തിലെ ചെന്ന് ചേരുന്നു. ഇത് ശരീരം മുഴുവന്‍ സഞ്ചരിച്ചു മുഖ്യപ്രാണനില്‍ ചെന്ന് ചേരുന്നു.ഇത് അവിടെ ശേഖരിക്കപ്പെടുന്നു.ഇത് വീണ്ടും തലച്ചോറില്‍ തരംഗ രൂപേണ സഞ്ചരിച്ചു അവിടത്തെ കോശങ്ങളില്‍ തട്ടി വീണ്ടും പ്രതിഫലിക്കുന്നു . അതായത് ഈ പശു ആല്‍മരചുവട്ടില്‍ മേയുന്ന മാതിരി ദൃശ്യമാകും . (ലേഖനത്തിന്റെ മുന്നില്‍ കൊടുത്ത പ്രശ്നോപനിഷദ് വരികള്‍ വീണ്ടും വായിക്കുക)ഇതിനു ആ വ്യക്തിയുടെ സ്വഭാവം,പരിതസ്ഥിതി ,വാസന എന്നിവ സ്വാധീനം ചെലുത്തും .ഉണര്‍വിലും ഉറക്കത്തിലും (ഗാഢസുഷുപ്തിയിലൊഴിച്ച്) നിരന്തരം മനസ്സ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.കണ്ടതും കേട്ടതും സ്പര്‍ശിച്ചതും ,ഘ്രാണേന്ദ്രിയങ്ങളാല്‍ ഉണര്‍ന്നതും എല്ലാം എല്ലാം നിമിഷം പ്രതി tape recorder-ല്‍ ശബ്ദം ആലേഖനം ചെയ്യുന്ന പോലെ സൂക്ഷ്മ ശരീരത്തില്‍ ശേഖരിക്കപ്പെടുന്നു. ഇതു വാതായന വിടവിലൂടെ വരുന്ന സൂര്യപ്രകാശത്തില്‍ കാണപ്പെടുന്ന പൊടിപടലങ്ങളെപ്പോലെ സൂക്ഷ്മശരീരത്തില്‍ കാണപ്പെടുന്നു.
ഈ മനസ്സ് എന്നത് വെറും ചിന്തകളുടെ ഒരു അക്ഷയപാത്രം മാത്രമാണ്. ഈ ചിന്തകള്‍ ഇല്ലെങ്കില്‍ മനസ്സ് എന്നതു തന്നെയില്ല. ഈ ചിന്തകള്‍ പ്രപഞ്ചവുമായി ജീവന്‍ താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് അനുഭവിക്കു ന്നു. ഇത് അനുഭവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതായി മാറുന്നില്ല . സ്വപ്നത്തില്‍ നിന്ന് ഉണരുന്ന മനുഷ്യന്‍ ഇത് വെറും സങ്കല്‍പം മാത്രമാണെന്ന് അറിയുന്നു . ജാഗ്രദവസ്ഥയില്‍ എന്നാണാവോ ഈ പ്രപഞ്ചമും സ്വപ്നം ആണെന്ന് മനുഷ്യന്‍ ഉണരുക!.
"സാക്ഷാത് ഈക്ഷതെ ഇതി സാക്ഷി ".(എല്ലാറ്റിനും വെറും സാക്ഷിയായ ആത്മാവോ മറ്റൊന്നിന്റെയും സഹായമില്ലാതെ സര്‍വതിനെയും പ്രകാശിപ്പിക്കുന്നു.
No comments:
Post a Comment